ചോദ്യനമ്പര്‍ 5 പാഠപുസ്തകത്തിലുള്ള കവിതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. आज का मानव എന്ന കവിത ഓര്‍മ്മയുണ്ടല്ലോ? ചോദ്യക്കടലാസിലെ സൂചനകള്‍ അടിസ്ഥാനപ്പെടുത്തി ആധുനികമനുഷ്യന്റെ അവസ്ഥ ആത്മകഥാരൂപത്തിലെഴുതാനായിരുന്നു ചോദ്യം.ഈ ചോദ്യത്തിന് 5 സ്കോറാണുള്ളത്. അടുത്തചോദ്യം (ചോദ്യനമ്പര്‍ 6) സാങ്കേതിക ശബ്ദപദാവലി (terminal technlology) അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യമായിരുന്നു. റയില്‍വേ,ബാങ്ക്,പോസ്റ്റോഫീസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ ഹിന്ദീ രൂപങ്ങളും നിങ്ങള്‍ പഠിച്ചിട്ടുണ്ട്. ഈ ചോദ്യത്തിന്റെ സ്കോര്‍ 3 ആണ്. ഈ ചോദ്യം സൂചനാഫലകം തയ്യാറാക്കല്‍, ഉചിതമായ പദം തിരഞ്ഞടുത്തെഴുതല്‍, ഖണ്ഡികയിലെ ഇംഗ്ലീഷ് പദങ്ങള്‍ക്കുപകരം ഹിന്ദീ ശബ്ദം ചേര്‍ത്തെഴുതല്‍ തുടങ്ങിയ പല മാതൃകകളില്‍ ചോദിച്ചിട്ടുണ്ട്. ഖണ്ഡികയിലെ ഇംഗ്ലീഷ് പദങ്ങള്‍ക്കുപകരം ഹിന്ദീ ശബ്ദം ചേര്‍ത്തെഴുതുമ്പോള്‍ ഖണ്ഡിക പൂര്‍ണ്ണമായും എടുത്തെഴുതാനാവശ്യപ്പെടാറുണ്ട്. ഇക്കാര്യം പ്രത്യേകം ഓര്‍ക്കണേ.(സഹായം) ചോദ്യനമ്പര്‍ 7 മുതല്‍ 9 വരെ പാഠപുസ്തകത്തിനു പുറത്തുനിന്നുള്ള ലഘു കവിതയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരുന്നു.ചോദ്യങ്ങള്‍ എല്ലാവര്‍ക്കും ഉത്തരമെഴുതാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു. കവിത നന്നായി മനസിരുത്തി വായിച്ച് ആശയം ഗ്രഹിച്ചിരിക്കണം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ചോദ്യങ്ങളിലാന്ന് (ചോദ്യനമ്പര്‍ 9) കവിതക്ക് ശീര്‍ഷകം നല്കാനുള്ളതായിരുന്നു.ശീര്‍ഷകം നല്കുമ്പോള്‍ ചോദ്യത്തിലെ ഉചിതമായ ശീര്‍ഷകം എന്ന സൂചന മനസിലുണ്ടാകണേ.
10 മുതല്‍ 13 വരെയുള്ള 4ചോദ്യങ്ങള്‍ ഉപപാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നു. ഇവയില്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതി.ചോദ്യനമ്പര്‍ പത്ത് ദേവഗഡ് റിയാസത്തിലെ ഹോക്കികളിയുടെ ഒരു അനൗണ്‍സ്മെന്റ് തയ്യാറാക്കാനുള്ളതായിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ ക്ലാസ്സ്റൂം പ്രവര്‍ത്തിന്റെ ഭാഗമായി ചെയ്തിട്ടുള്ള പ്രവര്‍ത്തനമായിരിക്കും ഇത്. പതിനെന്നാമത്തെ ചോദ്യം കഥ,കഥാപാത്രം,കഥാകാരന്‍ എന്നിവ കൃത്യമായി ചേര്‍ത്തെഴുതാനുള്ളതാണ്. ഇവയും ശരാശരിക്കാര്‍ക്ക് പോലും ഉത്തരമെഴുതാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. പന്ത്രണ്ടാം ചോദ്യം लाल अंगारों की मुस्कान എന്ന കഥയിലെ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ളതാണ്.ഇതും എളുപ്പംതന്നെ എങ്കിലും പൂര്‍ണ്ണമായ സ്കോര്‍ നേടണമെങ്കില്‍ അല്പം ശ്രദ്ധിച്ചെഴുതേണ്ടതുണ്ട്.(റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ)പതിമൂന്നാമത്തെ ചോദ്യം ഒരു ഓപ്പണെന്‍ഡഡ് ചോദ്യമാണ്. लड़की എന്ന കഥയില്‍ അമ്മ ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും വിവേചനപരമായി പെരുമാറുന്നുണ്ടല്ലോ?അമ്മയുടെ ഈ പ്രവൃത്തി ശരിയാണോ എന്നാണ് ചോദ്യം.ഉത്തരം കാര്യകാരണസഹിതം എഴുതണം എന്നു പറയണ്ടല്ലോ?ഇത്തരം ചോദ്യങ്ങള്‍ ബുദ്ധിപരമായ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.ഭിന്നനിലവാരക്കാരെ പരിഗണിക്കുന്നതിന് ഉദാഹരണവും.
ഇനി ഉപപാഠപുസ്തകത്തെക്കുറിച്ച് അല്പം വിശദമായി ചിന്തിക്കാം - നമുക്ക് പഠിക്കാനുള്ള 5 കഥകളും നിങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ടാവുമല്ലോ?രസകരങ്ങളായ ഈ കഥകള്‍ നിങ്ങള്‍ ശരിക്കാസ്വദിച്ചിട്ടുണ്ടാവും. അതിലുള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളും നിങ്ങള്‍ക്കോര്‍മ്മയുണ്ടാവും. അവ പട്ടികപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊ ണ്ടുള്ള ചോദ്യങ്ങളുണ്ടാകാം.കഥാസന്ദര്‍ഭത്തെ ആധാരമാക്കി റിപ്പോര്‍ട്ട്,അനൗണ്‍സ്മെന്റ് എന്നിവ ചോദിച്ചി രിക്കുന്നത് ശ്രദ്ധിച്ചല്ലോ? ഇനിയെന്തൊക്കെയാവാം? പോസ്റ്റര്‍,നോട്ടീസ്,ഡയറി അങ്ങനെയെന്തല്ലാം! ഓപ്പണെന്‍ഡഡ് ചോദ്യങ്ങളുടെ സാധ്യതകളും തീര്‍ച്ചയായും പരിഗണിക്കണം.(ഇവിടെ ഞെക്കിയാല്‍ ചില സഹായങ്ങള്‍ കിട്ടും,കേട്ടോ?)(രണ്ട് കഥകളുടെ വീഡിയോ കാണാം- लड़की भोलाराम का जीव) പതിന്നാലാം ചോദ്യം പാഠപുസ്തകത്തിലുള്ള कौशल എന്ന പാഠത്തെ ആധാരമാക്കിയുള്ളതായിരുന്നു.ഈ പാഠം പാഠപുസ്തകത്തിലുള്‍പ്പെടുത്താന്‍ യോഗ്യമാണോ എന്നു ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദീ അധ്യാപകര്‍ക്കും ഈ കഥയുടെ മാനം മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ ശങ്ക ഇതുവരെയുണ്ടായിരിക്കാനിടയില്ല. (ഈ വിഷയം കമന്റിലൂടെ വേണമെങ്കില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാവുന്നതാണ്).കഥയിലെ മുഖ്യകഥാപാത്രമായ ബാലകറാം ശാസ്ത്രി,സുഹൃത്തുമായി നടത്തുന്ന സംഭാഷണം സൂചനകളെ അടിസ്ഥാനപ്പെടുത്തി എഴുതാനാണ് ആവശ്യപ്പെട്ടത്. കഥ നന്നായി ആസ്വദിച്ചവര്‍ക്ക് ഉത്തരമെഴുതാന്‍ പ്രയാസമുണ്ടാകില്ല.4സ്കോറാണുണ്ടായിരുന്നത്.
15,16,17ചോദ്യങ്ങള്‍ അല്പം വിശദമായി ഉത്തരമെഴുതാനുള്ളവയാണ്. 5 സ്കോര്‍ വീതമുള്ള 3 ചോദ്യങ്ങള്‍.എന്നാല്‍ ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം എഴുതിയാല്‍ മതി എന്ന സൗകര്യവുമുണ്ട്. കഥ,ലേഖനം (15,17ചോദ്യങ്ങള്‍)എന്നിവ പാഠപുസ്തകത്തിനു പുറത്തുനിന്നും കത്തെഴുതാനുള്ള ചോദ്യം പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുതുമാണ്.ഓര്‍ക്കേണ്ട പ്രധാനകാര്യം,ഈ വിഭാഗത്തിലെ ചോദ്യങ്ങള്‍ സര്‍ഗ്ഗാത്മകതക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നുണ്ട് എന്നുള്ളതാണ്. യാത്രാവിവരണം തയ്യാറാക്കാനും ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം.(ചില സഹായങ്ങള്‍ക്ക് ഇവിടെ ഞെക്കാം-कहानी , निबन्ध , पत्र , यात्राविवरण , साक्षात्कार)
ചോദ്യക്കടലാസിലെ സൂചനകള്‍ ശ്രദ്ധിച്ച് വായിക്കണം.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ മറക്കരുത്.സമയ ബോധം ഉണ്ടാകണം. എല്ലാവര്‍ക്കും മികച്ച വിജയമുണ്ടാകട്ടെ എന്നാശംസിക്കുന്നു
.
No comments:
Post a Comment
'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद