Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Friday, February 15, 2013

आसरा10 - परीक्षा का बुखार

കൂട്ടുകാരേ,
പരീക്ഷക്കാലം വന്നെത്തിക്കഴിഞ്ഞു. പല കൂട്ടുകാര്‍ക്കും ഇതിനകം പരീക്ഷാപ്പനി പിടിപെട്ടിട്ടുമുണ്ടാകും . അനുഭവസമ്പന്നരായ പല കൂട്ടുകാരും പറയുന്നത് ഇത്തരം അസുഖം എല്ലാ ആണ്ടിലും നമ്മുടെ നാട്ടില്‍ക്കാണാറുണ്ടന്നാണ്. മാസം തോറും ടെസ്റ്റ് പേപ്പര്‍ നടക്കുന്ന സ്കൂളുകളിലെ കുട്ടികളില്‍ ഇത് ആണ്ട് മുഴുവന്‍ കാണപ്പെടാറുണ്ടത്രേ! എങ്കിലും ഈ അസുഖം രൂക്ഷമാകുന്നത് അദ്ധ്യയനവര്‍ഷത്തിന്റെ അവസാന മാസങ്ങളായ ഫെബ്രുവരിയിലും മാര്‍ച്ചിലുമാണു പോലും. നന്നായി പാഠങ്ങള്‍ പഠിച്ചു എന്നുറപ്പുള്ള കുട്ടികളെപ്പോലും ഈ രോഗം പിടികൂടാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്കിതാ ഒരു സദ്‌വാര്‍ത്ത.. ഇതിനും മരുന്നുണ്ട്. അനുഭവസമ്പന്നരായ നമ്മുടെ മിടുക്കന്മാരായ ചേട്ടന്‍മാരും ചേച്ചിമാരും ഇതിനു മരുന്നു കണ്ടത്തിയിട്ടുണ്ട്.ഈ മരുന്ന് ഫലിയ്ക്കും..ഉറപ്പ്. മരുന്നിന്റെ പേരറിയാന്‍ തിടുക്കമായോ?ആത്മാര്‍ത്ഥതയോടെ ശ്രദ്ധിച്ച് പഠിക്കുക എന്നാണതിന്റെ പേര്. കഠിനാധ്വാനം ചെയ്യുക എന്നു ഇക്കാലത്ത് ഇതിന് പറയുക പതിവുണ്ട്.മറ്റ് മരുന്നുകളില്‍ നിന്ന് ഇതിനുള്ള സവിശേഷത കൂടുതല്‍ കൂടുതല്‍ സേവിച്ചാല്‍ കൂടുതല്‍ കൂടുതല്‍ ഫലം കിട്ടും എന്നതാണ്. അതുകൊണ്ട് സമയത്തെക്കുറിച്ച് ചിന്തിക്കാതെ ഉടന്‍ മരുന്ന് സേവിച്ചു തുടങ്ങുക തന്നെയാണ് ബുദ്ധി. ഈ മരുന്ന് എല്ലാ വീട്ടിലും സുലഭമായിക്കിട്ടും. വേണം എന്ന് ആത്മാര്‍ത്ഥതയോടെ വിചാരിക്കണം എന്ന് മാത്രം. ഈ മരുന്ന് സേവിയ്ക്കുമ്പോള്‍ ചില പത്ഥ്യങ്ങള്‍ ഉണ്ടാകണം ,കാരണം പത്ഥ്യം കൃത്യമായാല്‍ മരുന്നിന് ഫലം കൂടും. ഈ പത്ഥ്യങ്ങളെന്താണെന്ന് നമുക്കൊന്ന് നോക്കാം..
പത്ഥ്യം 1
പരീക്ഷാക്കാലത്ത് ടി.വി.,മൊബൈല്‍,ഇന്റര്‍നെറ്റ് തുടങ്ങിയ സാധനങ്ങളില്‍ നിന്ന് കഴിയുന്നത്ര അകലം പാലിക്കുക. ഇവ ഈ സമയത്ത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അപകടകാരികളാണ് എന്ന് തെളിയിക്കപ്പട്ടവയാണ്. മരുന്നിന്റെ ശക്തിയെ ഇല്ലാതാക്കാന്‍ പോലും ഇവയ്ക്ക് കഴിയുമത്രേ.
പത്ഥ്യം 2
ഭക്ഷണം ക്രമീകരിക്കുക.ചൂടുകാലമാണല്ലോ?ധാരാളം(തിളപ്പിച്ചാറിയ) ശുദ്ധജലം കുടിക്കുക. ക്രമീകൃതമായ ഭക്ഷണം ക്ഷീണമകറ്റും. ഉറക്കം വരുന്നത് തടയും. ചായയുടെയും കാപ്പിയുടെയും അളവ് അല്പം കൂട്ടാം,(താത്പര്യമുണ്ടങ്കില്‍)പാല്‍ കുടിക്കുന്നതും നല്ലതു തന്നെ..
പത്ഥ്യം 3
പഠിച്ചുകൊണ്ടിരിക്കുന്പോള്‍ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത്തരമൊരു ശീലത്തിന് ഒഴിവാക്കാനാവാത്ത വിധം നിങ്ങളടിമപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അതി ലഘുവായെന്തെങ്കിലും(കശുവണ്ടിപ്പരിപ്പ്,ബദാം പോലെ) കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് ശാസ്ത്രജ്‍ഞരുടെ അഭിപ്രായം.(കാശ് ആവശ്യത്തിന് കൈയ്യിലുണ്ടാവണമെന്ന് മാത്രം)
പത്ഥ്യം 4
കട്ടിലും കമ്പിളിയും പഠനസ്ഥലത്തുനിന്ന് അകലെ വയ്ക്കുക.ഉറക്കത്തിന് തയ്യാറെടുക്കുന്നത് വരെ
വാല്‍ക്കഷ്ണം
എന്തൊക്കെ വിലക്കുകളാണപ്പാ എന്നാവും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക.."जीयें तो भला जीयें "(ജീവിക്കുവോളം നന്നായി ജീവിക്കുക) എന്ന തത്വവുമായി ഇപ്പറഞ്ഞതെന്നും യോജിക്കുന്നതേയില്ലല്ലോ? പക്ഷേ कुछ पाना है तो कुछ तो खोना ही पड़ेगा ना ?(നേടണമെങ്കില്‍ എന്തെങ്കിലുമൊക്കെ നഷ്ടപ്പടുകയും വേണമല്ലോ?)എന്നുമൊരു തത്വമില്ലേ?നന്നായി ജീവിക്കാന്‍വേണ്ടി നഷ്ടപ്പെടുന്നത് ഒരു നഷ്ടവുമല്ലല്ലോ? ഇപ്പറഞ്ഞതിനൊന്നും എപ്പോഴും മരുന്നു സേവിക്കണമെന്ന അര്‍ത്ഥമല്ല ഉള്ളത്. മടുക്കുമ്പോള്‍ ഇടക്കൊക്കെ ഇഷ്ടപ്പെട്ട മറ്റ്കാര്യങ്ങളും ചെയ്യാം. അല്പം ടി.വി. കാണാം.(തിരഞ്ഞെടുത്ത ചാനലും പരിപാടിയുമായാല്‍ നന്നായി) കൂട്ടുകാരനുമായി ഫോണില്‍ അല്പം നേരമ്പോക്കുകള്‍ പറയാം.വിദ്യാഭ്യാസ സംബന്ധമായ സൈറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണവുമാകാം! പരിധിവിട്ടാല്‍ നിയന്ത്രിക്കാന്‍ വീട്ടിലെ മുതിര്‍ന്നരിലാരെയെങ്കിലും ഏര്‍പ്പെടുത്തുന്നതും നല്ലതാണ്. കൃത്യമായി മരുന്നു സേവിക്കാന്‍ തുടങ്ങിയാല്‍ അസുഖം മഷിയിട്ടുനോക്കിയാലും കാണാനാവില്ല ഉറപ്പ്.
പറഞ്ഞു പറഞ്ഞ് ഒരു കാര്യം മറന്നേ പോയി.എല്ലാ കൂട്ടുകാര്‍ക്കും നൂറു നൂറു വിജയാശംസകള്‍!! മികച്ച വിജയം നേടിക്കഴിഞ്ഞാല്‍ ആരും മധുരം തരാന്‍ മറക്കല്ലേ!

1 comment:

  1. കുട്ടികള്‍ക്ക് പരീക്ഷക്കാലത്തിന് വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ച് പറഞ്ഞുകൊടുത്തത് നന്നായി. ഏതാനും ദിവസം കുട്ടികള്‍ ശ്രദ്ധയോടും ജാഗ്രതയോടും കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യം തന്നെ. എന്ന് പറഞ്ഞ് വല്ലാണ്ട് ഭയപ്പെടുകയോ, ഉല്‍ക്കണ്ഠയോടെയിരിക്കുകയോ ഒന്നും തന്നെ ആവശ്യമില്ല താനും. ഏതായാലും വളരെ നന്നായി. രവി

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom